തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാവുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ 49ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിംഗ് ഭീമൻ ‘എംഎസ്സി’ (MSC) ഗ്രൂപ്പിന് വിൽക്കാനുള്ള അദാനി പോർട്സിന്റെ നീക്കമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഏകദേശം 1.4 ബില്യൺ ഡോളർ (13,000 കോടിയിലധികം രൂപ) മൂല്യം വരുന്നതാണ് ഈ വൻകിട ഇടപാട്.സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഈ നീക്കമെന്നും, ഇത് കൺസഷൻ കരാറിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കേരള സർക്കാർ രംഗത്തെത്തിയതോടെ വിഷയം ശക്തമായ തർക്കത്തിലേക്ക് നീങ്ങുകയാണ്.
വിഴിഞ്ഞം പദ്ധതി: ഒരു ലഘുചിത്രം
സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (AVPPL) ചേർന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത (PPP) പദ്ധതി.രൂപകൽപ്പന, നിർമ്മാണം, ധനസമാഹരണം, പ്രവർത്തനം, കൈമാറ്റം (DBFOT) അടിസ്ഥാനമാക്കിയുള്ള 40 വർഷത്തെ കൺസഷൻ കരാർ (20 വർഷം കൂടി നീട്ടാൻ വ്യവസ്ഥയുണ്ട്).കേരള സർക്കാർ ഏകദേശം 5,596 കോടി രൂപയും അദാനി ഗ്രൂപ്പ് 2,454 കോടി രൂപയും നിക്ഷേപിച്ചാണ് പദ്ധതി തുടങ്ങിയത്. 2024 ഡിസംബറിൽ ഒന്നാം ഘട്ടം വാണിജ്യാടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചത്. അടുത്ത ഘട്ടം 2028 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.
അദാനിയുടെ പുതിയ നീക്കവും തർക്കവും
കഴിഞ്ഞ ജൂൺ 30-നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികൾ എംഎസ്സി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന് (TiL) കൈമാറാൻ ധാരണയായ വിവരം അദാനി പോർട്സ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി (SEBI)-യെ അറിയിച്ചത്. ഇത് പൂർത്തിയായാൽ രാജ്യത്തെ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായി ഇത് മാറും.
എന്നാൽ, ഈ ഇടപാടിനെതിരെ കേരള സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചു.
കേരള സർക്കാരിന്റെ എതിർപ്പുകൾ:
തുറമുഖത്തിന്റെ ഉടമസ്ഥാവകാശ ഘടനയിൽ മാറ്റം വരുത്തുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങിയില്ല എന്നതാണ് ഉയർന്ന പ്രധാന ആരോപണം.
വിഴിഞ്ഞത്തെ എല്ലാ ആഗോള ഷിപ്പിംഗ് കമ്പനികൾക്കും ഒരുപോലെ അവസരമുള്ള ഒരു ‘മത്സരാധിഷ്ഠിത ട്രാൻഷിപ്പ്മെന്റ് ഹബ്ബ്’ ആക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായ എംഎസ്സിക്ക് വലിയ ഓഹരി പങ്കാളിത്തം നൽകുന്നത് തുറമുഖത്തെ ചരക്കുനീക്കത്തിൽ അവരുടെ മാത്രം ഏകാധിപത്യത്തിന് (Monopoly) ഇടയാക്കുമെന്ന് സർക്കാർ ഭയപ്പെടുന്നത്.
അദാനി ഗ്രൂപ്പിന്റെ വിശദീകരണം:
സെബിയെ വിവരം അറിയിക്കേണ്ടത് നിയമപരമായ ബാധ്യതയായിരുന്നു. അതിനുശേഷം ജൂലൈ 1-ന് തന്നെ സംസ്ഥാന തുറമുഖ വകുപ്പിനെ ഔദ്യോഗികമായി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് വിശദമാക്കുന്നത്.
ഓഹരി വ്യവസ്ഥ: കരാർ പ്രകാരം നിർമാണഘട്ടത്തിലും ആദ്യ വർഷത്തെ വാണിജ്യ പ്രവർത്തനത്തിലും അദാനി ഗ്രൂപ്പ് 51% ഓഹരി നിലനിർത്തിയാൽ മതിയാകും. അതിനുശേഷം ഇത് 26% ആയി കുറയ്ക്കാം. നിലവിൽ 51% ഓഹരി കൈവശമുള്ളതിനാൽ നിയമലംഘനം നടന്നിട്ടില്ലെന്നാണ് അദാനിയുടെ വാദം.
യഥാർത്ഥ കരാർ വ്യവസ്ഥകൾ പറയുന്നത് എന്ത്?
കൺസഷൻ കരാർ പ്രകാരം ഓഹരി കൈമാറ്റം പൂർണ്ണമായി നിരോധിക്കുന്നില്ലെങ്കിലും ചില കടുത്ത നിബന്ധനകളുണ്ട്:കമ്പനിയുടെ മൊത്തം ഓഹരിയുടെ 25 ശതമാനമോ അതിൽ കൂടുതലോ കൈമാറ്റം ചെയ്യപ്പെടുന്നത് ഉടമസ്ഥാവകാശത്തിലെ മാറ്റം ആയി കണക്കാക്കും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ പദ്ധതിയുടെ ലൈസൻസിങ് അതോറിറ്റിയായ കേരള സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
ഇതുതന്നെയാണ് നിലവിലെ തർക്കത്തിന്റെ കാതൽ. തങ്ങൾ വ്യവസ്ഥകൾ പാലിച്ചുവെന്ന് അദാനി അവകാശപ്പെടുമ്പോൾ, മുൻകൂർ അനുമതിയില്ലാതെ കരാർ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന കർശന നിലപാടിലാണ് സർക്കാർ.
വിഴിഞ്ഞത്തിന്റെ പ്രാധാന്യം
നിലവിൽ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ വിഴിഞ്ഞത്തിന് സാധിക്കും. രാജ്യത്തെ ആഗോള സമുദ്രവ്യാപാര ഭൂപടത്തിന്റെ കേന്ദ്രമാക്കാൻ ശേഷിയുള്ള ഈ പദ്ധതിയിലെ തർക്കം കേവലമൊരു ബിസിനസ് ഇടപാടല്ല; മറിച്ച് കേരളത്തിന്റെ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യ വികസനം, വിദേശ നിക്ഷേപ സുരക്ഷ, സുതാര്യമായ തുറമുഖ നയം എന്നിവയെ ബാധിക്കുന്ന നിർണായക വിഷയമാണ്.