തൃശൂർ: തൃശൂർ അമല ആശുപത്രിയിലെ നഴ്സുമാർക്ക് 4,000 മുതൽ 6,000 രൂപ വരെ ശമ്പളവർധന അനുവദിച്ച് ആശുപത്രി മാനേജ്മെന്റ്. ഇതോടെ ആശുപത്രിയിലെ നഴ്സുമാർ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു.
സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്.
അതേസമയം, തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരുകയാണ്. ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് ഉടൻ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.
സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് അമല ആശുപത്രി മാനേജ്മെന്റ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, നഴ്സുമാരുടെ ശമ്പളവർധന സംബന്ധിച്ച് ഏപ്രിൽ 1-ന് എടുത്ത തീരുമാനം നഴ്സ് സംഘടന ഇന്ന് അംഗീകരിച്ചതാണെന്ന് ആശുപത്രി മാനേജ്മെന്റ് വിശദീകരിച്ചു.
സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികൾ ഇടക്കാല ശമ്പളാശ്വാസം നൽകുന്നതിൽ അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും, അമലയും ജൂബിലി മിഷനും മാത്രമാണ് ഇതുവരെ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതെന്നും യുഎൻഎ നേരത്തെ ആരോപിച്ചിരുന്നു.