ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തെ ചരിത്ര വിജയം; മിഷൻ ആഗമൻ ”സക്സസ്”

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തെ ചരിത്ര വിജയം; മിഷൻ ആഗമൻ ”സക്സസ്”

തിരുവനന്തപുരം: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്ത് പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ ഓർബിറ്റൽ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ‘മിഷൻ ആഗമൻ’ എന്ന പേരിലുള്ള ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്നാണ് പറന്നുയർന്നത്. നിശ്ചയിച്ച സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് കൗണ്ട് ഡൗൺ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, തുടർന്ന് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.

ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN-SPACe) പിന്തുണയോടെയാണ് ദൗത്യം നടപ്പാക്കിയത്. ഇതുവരെ ഐ.എസ്.ആർ.ഒ വികസിപ്പിച്ച റോക്കറ്റുകളിലൂടെയായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണങ്ങൾ. സ്വകാര്യ മേഖല വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റിന്റെ വിജയത്തോടെ ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് പുതിയ സാധ്യതകളാണ് തുറക്കുന്നത്.

മൂന്ന് ഘട്ടങ്ങളുള്ള, പൂർണമായും ഖര ഇന്ധനം ഉപയോഗിക്കുന്ന വിക്രം-1 റോക്കറ്റിന് 24 മീറ്റർ ഉയരമുണ്ട്. 350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ഇതിന് ശേഷിയുണ്ട്.

ആദ്യ പരീക്ഷണ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുകയാണ് ലക്ഷ്യം. പരീക്ഷണ വിക്ഷേപണമെന്നതിനാൽ വലിയ ഉപഗ്രഹങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല. ഏകദേശം 15 മിനിറ്റും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.

ജർമനി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രധാന പേലോഡുകളാണ് ദൗത്യത്തിന്റെ ഭാഗമായുള്ളത്. കോസ്മോസ് ഡയമണ്ട്സിന്റെ ‘കോസ്മിക് ബ്ലൂ’ ആർട്ട് വർക്ക്, 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച സി.വി. രാമൻ, വിക്രം സാരാഭായ്, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ മിനിയേച്ചർ രൂപങ്ങൾ, ലാബിൽ നിർമിച്ച ഡയമണ്ട് ആഭരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പെടെയുള്ള ആശംസാ സന്ദേശങ്ങളും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.