ചെന്നൈ: മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച സി.എസ്. കർണൻ (71) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ പദവിയിലിരിക്കെ കോടതിയലക്ഷ്യക്കേസിൽ ജയിൽശിക്ഷ ലഭിച്ച ആദ്യ ഹൈക്കോടതി ജഡ്ജിയെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സഹജഡ്ജിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതുമായി ബന്ധപ്പെട്ട കേസിൽ 2017 മേയിൽ സുപ്രീം കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
2009 മാർച്ചിലാണ് കർണൻ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2016 മാർച്ചിൽ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ടു. 2017 ജൂൺ 12ന് സർവീസിൽ നിന്ന് വിരമിച്ചു. വിരമിച്ചശേഷം ‘ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടി’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്തു.
1955ൽ തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ കർണാത്തം ഗ്രാമത്തിലായിരുന്നു കർണന്റെ ജനനം. സ്വാമിനാഥൻ–കമലം ദമ്പതികളുടെ എട്ട് മക്കളിൽ രണ്ടാമനായിരുന്നു. 1983ൽ മദ്രാസ് ലോ കോളജിൽ നിന്ന് നിയമബിരുദം നേടി. കരുണാനിധി എന്നായിരുന്നു യഥാർഥ പേര്. 1991ൽ ഭാര്യ സരസ്വതിയുടെ അഭ്യർഥനപ്രകാരമാണ് പേര് കർണൻ എന്നാക്കി മാറ്റിയത്.