കല്പറ്റ: വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം കല്പറ്റയിലേക്ക് തിരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അവലോകനവും നടത്തും.
വ്യാഴാഴ്ച രാവിലെ ആദിവാസി കർഷകനായ ചെറുവയൽ രാമന്റെ കുടുംബത്തെ പ്രിയങ്ക സന്ദർശിക്കും. തുടർന്ന് മാനന്തവാടിയിലെ കമ്മനയിലും തൃശ്ശിലേരിയിലും പുതുതായി സജ്ജീകരിച്ച സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രിയദർശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി എംപിയുടെ ഇടപെടലിലൂടെ ലഭ്യമാക്കിയ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും.
വെള്ളിയാഴ്ച കല്പറ്റയിലെ സുഗന്ധഗിരി ലോവർ പ്രൈമറി സ്കൂൾ സന്ദർശിക്കും. തുടർന്ന് പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കും. കിഴുപറമ്പ്, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങൾക്കായി എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും പ്രിയങ്ക നിർവഹിക്കും.
വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്കൂളുകൾക്കായി അനുവദിച്ച ആറ് സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമവും കാപ്പിൽകരാട് ജിഎച്ച്എസിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് നിലമ്പൂർ ഐജിഎംഎംആർ സ്കൂളും സന്ദർശിക്കും. സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ച പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.