;

നവരാത്രി അവധി: കേരളത്തിൽ തുടർച്ചയായി നാല് ദിവസം അവധി; സർക്കാർ പ്രഖ്യാപനം

നവരാത്രി അവധി: കേരളത്തിൽ തുടർച്ചയായി നാല് ദിവസം അവധി; സർക്കാർ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ ഓഫീസുകൾക്കും പൊതുവിദ്യാലയങ്ങൾക്കും തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.

ഒക്ടോബർ 18 ഞായറാഴ്ചയിലെ പതിവ് അവധിക്ക് പുറമേയാണ് തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും അവധി ലഭിക്കുന്നത്. നിലവിലെ കലണ്ടർ പ്രകാരം ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. ഇതിനിടയിലെ പ്രവൃത്തിദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച കൂടി സർക്കാർ അവധി പ്രഖ്യാപിച്ചതോടെയാണ് തുടർച്ചയായ നാല് ദിവസത്തെ അവധിയായത്.

ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചത്തെ അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നാണ് അറിയിപ്പ്.

പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 22 വ്യാഴാഴ്ച മുതൽ വിദ്യാലയങ്ങളും ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും.

;