ന്യൂഡൽഹി: ഡൽഹിയിലെ ഇത്തവണത്തെ ദസറ ആഘോഷത്തിൽ രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഘാടകരുടെ ഈ തീരുമാനം.
ബിജെപി എംഎൽഎ അശോക് ഗോയൽ ദേവരഹ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനിച്ചത്. വീടുകൾ, പരിസരങ്ങൾ, സമൂഹം എന്നിവിടങ്ങളിൽനിന്ന് മാലിന്യം പൂർണമായി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ വ്യക്തമാക്കി.
തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന സന്ദേശമാണ് ദസറ ആഘോഷം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി രാവണന്റെയും കുംഭകർണന്റെയും മേഘനാദന്റെയും കോലങ്ങൾ കത്തിച്ചുവരുന്നു. മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങളും കമ്മിറ്റി കത്തിച്ചിട്ടുണ്ട്.
ഇത്തവണ മാലിന്യത്തിന്റെ പ്രതീകമായാണ് പാറ്റയുടെ രൂപത്തിലുള്ള കോലം ഒരുക്കുന്നത്. വീടുകൾ, പരിസരങ്ങൾ, സമൂഹം എന്നിവിടങ്ങളിൽനിന്ന് മാലിന്യം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.