കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ശ്രീരാജ് കൊച്ചിയിലെ നിരവധി സ്പാകളുടെ കാവൽക്കാരനും സംരക്ഷകനുമായി പ്രവർത്തിച്ചിരുന്നുവെന്ന് പോലീസ്. ഗുണ്ടാബന്ധവും ഉന്നതരുമായുള്ള ബന്ധവും പറഞ്ഞ് സ്പാകളിൽനിന്ന് പണം വാങ്ങിയിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ ഒരു മാസം ലക്ഷക്കണക്കിന് രൂപ ശ്രീരാജിന് ലഭിച്ചിരുന്നതായും പോലീസ് പറയുന്നു.
ശ്രീരാജ് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. രണ്ട് എൻഡിപിഎസ് കേസുകൾ ഉൾപ്പെടെ അഞ്ച് കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സ്പായിൽ മാനേജരായി ജോലി ചെയ്തിരുന്ന യുവതിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസും ഇതിൽ ഉൾപ്പെടുന്നു.
കേസിലെ രണ്ടാം പ്രതിയായ ശരണ്യയാണ് സംഘത്തിലെ പ്രധാന കൂട്ടാളിയെന്ന് പോലീസ് വ്യക്തമാക്കി. അതിജീവിതയ്ക്ക് നേരെ ഏറ്റവും കൂടുതൽ ലൈംഗികാതിക്രമം നടത്തിയത് ശരണ്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു.
ലഹരിമരുന്ന് ഇടപാടുകളിലും ശ്രീരാജ് ഏർപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഇതിനായി ബെംഗളൂരുവിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ശരണ്യ, നാലാം പ്രതിയായ തൃശ്ശൂർ പറപ്പൂക്കര സ്വദേശി സഞ്ജയ് എന്നിവരുമായി കളമശ്ശേരി പോലീസ് കഴിഞ്ഞ ദിവസം സ്പാകളിലും ലോഡ്ജുകളിലുമെത്തി തെളിവെടുപ്പ് നടത്തി. ചോദ്യംചെയ്യലിനോട് പ്രതികൾ കാര്യമായി സഹകരിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.