;

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്; നടപ്പാക്കാൽ ദീപാവലിക്ക് ശേഷമെന്ന് അറിയിച്ച് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്; നടപ്പാക്കാൽ ദീപാവലിക്ക് ശേഷമെന്ന് അറിയിച്ച് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: തിരഞ്ഞെടുത്ത യുപിഐ വ്യാപാരി ഇടപാടുകൾക്ക് (P2M) മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (MDR) ഏർപ്പെടുത്തുന്നത് ദീപാവലിക്ക് ശേഷമായിരിക്കുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. ഒക്ടോബർ 13ന് ചേർന്ന യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റിയാണ് ഉത്സവകാലം പരിഗണിച്ച് തീരുമാനം എടുത്തത്. നിരക്ക് പ്രാബല്യത്തിൽ വരുന്ന തീയതി പിന്നീട് അറിയിക്കുമെന്നും എൻപിസിഐ വ്യക്തമാക്കി.

നേരത്തെ, ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കുള്ള (P2M) യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഈ ചാർജ് ഉപഭോക്താക്കൾക്കല്ല, വ്യാപാരികൾക്കായിരിക്കും ബാധകമാകുക. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപയായിരിക്കും നിരക്ക്.

വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കും ദൈനംദിന വ്യാപാര ഇടപാടുകളിൽ ഭൂരിഭാഗത്തിനും നിലവിലെ സൗജന്യ സംവിധാനം തുടരും.

യുപിഐ സംവിധാനത്തിന്റെ പ്രവർത്തനച്ചെലവ് കണ്ടെത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം. സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ, സാങ്കേതിക സംവിധാനങ്ങളുടെ വിശ്വാസ്യത, ഉപഭോക്തൃ സഹായം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു.

യുപിഐ പ്രവർത്തനങ്ങൾക്ക് പ്രതിവർഷം ഏകദേശം 20,000 കോടി രൂപ ചെലവാകുന്നുണ്ടെന്നാണ് വ്യവസായ മേഖലയിലെ കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബറിൽ പുറത്തിറക്കിയ പതിവുചോദ്യോത്തരങ്ങളിൽ വ്യക്തമാക്കിയത്. സർക്കാർ നൽകുന്ന പ്രോത്സാഹനത്തുക മാത്രം ദീർഘകാലാടിസ്ഥാനത്തിൽ ഈ ചെലവുകൾ വഹിക്കാൻ മതിയാകില്ലെന്നും വിശദീകരിച്ചിരുന്നു.

;