കോട്ടയം: ദേശീയ രാഷ്ട്രീയത്തിലും ബിജെപിയുടെ സംഘടനാ സംവിധാനത്തിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുമായാണ് ഓംപ്രകാശ് മാഥൂർ സിക്കിമിൽനിന്ന് കേരള ലോക്ഭവനിലേക്ക് എത്തുന്നത്. ആർഎസ്എസിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച് ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ നിർണായക സ്ഥാനങ്ങളിലെത്തിയ അദ്ദേഹം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവാണ്.
1952 ജനുവരി 2ന് രാജസ്ഥാനിലെ പാലി ജില്ലയിൽ ജനിച്ച മാഥൂർ, 1972ൽ ഇരുപതാം വയസ്സിൽ ആർഎസ്എസിന്റെ മുഴുവൻസമയ പ്രചാരകനായാണ് പൊതുരംഗത്ത് സജീവമായത്. 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ നിലപാടെടുത്ത അദ്ദേഹം 11 മാസത്തോളം ജയിൽവാസവും അനുഭവിച്ചു.
പിന്നീട് ബിജെപിയുടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാഥൂർ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. 1990 മുതൽ 2002 വരെ ബിജെപി രാജസ്ഥാൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2008–09 കാലയളവിൽ സംസ്ഥാന അധ്യക്ഷന്റെ ചുമതലയും വഹിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് മാഥൂർ. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെ രാഷ്ട്രീയ നീക്കങ്ങളിൽ പ്രധാന പങ്കാളിയായി. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലെ മികവാണ് മാഥൂറിനെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കിയത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ ചുമതലക്കാരനായി പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഘടനാ മികവും രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനുള്ള കഴിവും അദ്ദേഹത്തെ ബിജെപിയുടെ വിശ്വസ്തരായ നേതാക്കളിലൊരാളാക്കി.
പാർലമെന്ററി രംഗത്തും മാഥൂർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2008–2014, 2016–2022 കാലയളവുകളിൽ രാജസ്ഥാനെ പ്രതിനിധീകരിച്ച് രണ്ടുതവണ രാജ്യസഭാംഗമായി പ്രവർത്തിച്ചു. ദീർഘകാലത്തെ സംഘടനാ പരിചയവും ദേശീയ രാഷ്ട്രീയത്തിലെ ബന്ധങ്ങളും ഭരണപരമായ പുതിയ ഉത്തരവാദിത്വത്തിൽ അദ്ദേഹത്തിന് കരുത്താകുമെന്നാണ് വിലയിരുത്തൽ.