;

​ഗർഭിണിയായ തന്നെ രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് വൺ ഇന്ത്യയുടെ വനിതാ മാധ്യമപ്രവർത്തക റിച്ച; ആരോപണം നിഷേധിച്ച് കോൺഗ്രസും; ജന്ദർ മന്ദിറിൽ വിവാദം പുകയുന്നു

​ഗർഭിണിയായ തന്നെ രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് വൺ ഇന്ത്യയുടെ വനിതാ മാധ്യമപ്രവർത്തക റിച്ച;  ആരോപണം നിഷേധിച്ച് കോൺഗ്രസും; ജന്ദർ മന്ദിറിൽ വിവാദം പുകയുന്നു

ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്തെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ തള്ളിയിട്ടെന്നും ഇതേത്തുടർന്ന് നിലത്തുവീണെന്നുമുള്ള ആരോപണവുമായി ഗർഭിണിയായ മാധ്യമപ്രവർത്തക. റിച്ച എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, ആരോപണം നിഷേധിച്ച കോൺഗ്രസ്, ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്ന് പ്രതികരിച്ചു.

രാഹുൽ ഗാന്ധി കൈയിൽ പിടിച്ചുവലിക്കുകയും തള്ളിമാറ്റുകയും ചെയ്തതിനെത്തുടർന്ന് നിലത്തുവീണെന്നാണ് റിച്ചയുടെ ആരോപണം. വീഴ്ചയിൽ കാൽമുട്ടും വയറും നിലത്തിടിച്ചെന്നും യുവതി പറയുന്നു. തന്റെ ക്യാമറാമാനെ രാഹുൽ പിടിച്ചുവലിച്ചതായും തുടർന്ന് ഇയാളുൾപ്പെടെ നാലോ അഞ്ചോ പേർ തന്റെ ദേഹത്തേക്ക് വീണതായും റിച്ച ആരോപിച്ചു.

സുപ്രീം കോടതി പരിസരത്തെ ഗേറ്റിന് സമീപം രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടി കാത്തുനിൽക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. രാഹുൽ പുറത്തുവന്നപ്പോൾ മൈക്ക് നീട്ടി പ്രതികരണം തേടി. എന്നാൽ, അദ്ദേഹം സംസാരിക്കാൻ വിസമ്മതിക്കുകയും മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മാറിനിന്നെങ്കിലും മറ്റ് മാധ്യമപ്രവർത്തകർ മൈക്കുകളുമായി സമീപിച്ചതോടെ സംഘർഷാവസ്ഥയുണ്ടായെന്നാണ് റിച്ചയുടെ വിശദീകരണം.

പെട്ടെന്ന് രാഹുൽ മുന്നോട്ടുവന്ന് തന്നെ തള്ളിമാറ്റിയെന്നും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും തന്നെ തള്ളിയെന്നും യുവതി ആരോപിച്ചു. ഇതിനിടെ ഗേറ്റിലെ പടികളിലേക്ക് കമിഴ്ന്നുവീണതായും റിച്ച പറഞ്ഞു. സംഭവത്തിന്റെ ഏതാനും ദൃശ്യങ്ങൾ യുവതി തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിവരിക്കുന്നതിനിടെ കരയുന്ന ദൃശ്യങ്ങളും പോസ്റ്റിലുണ്ട്.

അതിനിടെ, യുവതിയുടെ ആരോപണങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് കോൺഗ്രസ് നേതാവ് അൽക ലാംബ എക്‌സിൽ പ്രതികരിച്ചു. ബിജെപി രാഷ്ട്രീയനേട്ടത്തിനായി നാടകം നടത്തുകയാണെന്നും അവർ ആരോപിച്ചു.

രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരാൽ വളയപ്പെടുന്നതും സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാകുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കുവച്ചിട്ടുണ്ട്. എന്നാൽ, രാഹുൽ ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിടുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നില്ലെന്നാണ് ഇവരുടെ വാദം.

അതേസമയം, ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി യുവതിയെ സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഇരുവിഭാഗവും പരസ്പരവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ, പുറത്തുവന്ന ദൃശ്യങ്ങളും മറ്റ് തെളിവുകളും നിർണായകമാകും.

;