;

ജപ്പാനിൽ ദുജ്വാൻ ചുഴലിക്കാറ്റിന്റെ കനത്ത ആഘാതം; രണ്ട് മരണം, നാല് പേരെ കാണാതായി; 20 ലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു

ജപ്പാനിൽ ദുജ്വാൻ ചുഴലിക്കാറ്റിന്റെ കനത്ത ആഘാതം; രണ്ട് മരണം, നാല് പേരെ കാണാതായി; 20 ലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു

ടോക്കിയോ: ജപ്പാനിൽ ദുജ്വാൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിച്ചു. കനഗാവ, ചിബ പ്രവിശ്യകളിലാണ് ശക്തമായ മഴയും മണ്ണിടിച്ചിലും വ്യാപക നാശനഷ്ടമുണ്ടാക്കിയത്. നാല് പേരെ കാണാതായതായും അധികൃതർ അറിയിച്ചു.

ടോക്കിയോ ഉൾപ്പെടെയുള്ള കിഴക്കൻ ജപ്പാനിൽ അതിശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. വിവിധ മേഖലകളിലായി ഏകദേശം 20 ലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് 50,000ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും റെയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

മണിക്കൂറിൽ 140 കിലോമീറ്ററിലേറെ വേഗതയിലാണ് കാറ്റ് വീശിയത്. ദുജ്വാന്റെ സഞ്ചാരപാതയിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ സാധ്യതയും ഉയർന്നതിനെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

2026-ൽ ജപ്പാനെ ബാധിക്കുന്ന 25-ാമത്തെ ചുഴലിക്കാറ്റാണ് ദുജ്വാൻ എന്നാണ് റിപ്പോർട്ടുകൾ. അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് ഈ വർഷത്തെ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റുകൾക്കും കാരണമാകുന്നതെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ, ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി സനേ ടാകൈച്ചി അനുശോചനം രേഖപ്പെടുത്തി. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി യുഎസ് സന്ദർശനം തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്.

;