അഞ്ജു ബോബി ജോർജിന്റെ 22 വർഷത്തെ റെക്കോർഡ് തകർത്തു; 6.88 മീറ്റർ ചാടി മലയാളി താരം ആൻസി സോജന് പുതിയ ദേശീയ റെക്കോർഡ്

അഞ്ജു ബോബി ജോർജിന്റെ 22 വർഷത്തെ റെക്കോർഡ് തകർത്തു; 6.88 മീറ്റർ ചാടി മലയാളി താരം ആൻസി സോജന് പുതിയ ദേശീയ റെക്കോർഡ്

ഭുവനേശ്വർ: ഇന്ത്യൻ അത്‌ലറ്റിക്സ് ചരിത്രത്തിൽ പുതിയ സുവർണ്ണ അധ്യായം കുറിച്ച് മലയാളി ലോങ് ജംപ് താരം ആൻസി സോജൻ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഇന്റർ-സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 25-കാരിയായ ആൻസിയുടെ ചരിത്രനേട്ടം . ഇതിഹാസ താരം അഞ്ജു ബോബി ജോർജിന്റെ പേരിൽ 22 വർഷമായി തകരാതെ കിടന്ന റെക്കോർഡാണ് ഈ നാട്ടിക സ്വദേശിനി തിരുത്തിക്കുറിച്ചത് .

മത്സരത്തിന്റെ അഞ്ചാം ശ്രമത്തിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി ഒന്നാം സ്ഥാനം നേടിയത്. 2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്റർ എന്ന റെക്കോർഡാണ് ആൻസി മറികടന്നത് .

കായികരംഗത്ത് അത്യാധുനിക പരിശീലന സൗകര്യങ്ങൾ വന്നിട്ടും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയിൽ ഒരു വനിതാ താരത്തിനും ഈ നേട്ടത്തിനടുത്തെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സുവർണ്ണ നേട്ടത്തോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും ആൻസി ഉറപ്പാക്കിക്കഴിഞ്ഞു. റെക്കോർഡ് തകർത്തതിന് പിന്നാലെ അഞ്ജു ബോബി ജോർജ് തന്നെ ആൻസിയെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.