breaking-news sport

ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചു; കൊൽക്കത്ത താരം രഘുവംശിക്ക് പിഴ

ന്യൂഡൽഹി: ഞായറാഴ്ച നടന്ന ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അൻഗ്രിഷ് രഘുവംശിക്ക് പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് താരത്തിന് പിഴയായി മാച്ച് റഫറി വിധിച്ചത്. പിഴക്ക് പുറമെ രഘുവംശിയുടെ അക്കൗണ്ടിൽ ഒരു ഡെമെറിറ്റ് പോയിന്റും മാച്ച് റഫറി ചേർത്തിട്ടുണ്ട്.

മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ‘ഒബ്‌സ്ട്രക്റ്റിങ് ദി ഫീൽഡ്’ (ഫീൽഡിങിന് തടസ്സം നിൽക്കുക) നിയമപ്രകാരം താരം പുറത്തായതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അമ്പയറുടെ തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രഘുവംശി, മടങ്ങുന്നതിനിടെ ക്രീസിന് പുറത്തുള്ള ബൗണ്ടറി കുഷ്യനിൽ ബാറ്റുകൊണ്ട് ആഞ്ഞടിക്കുകയും ഡഗ്ഔട്ടിലേക്ക് ഹെൽമറ്റ് വലിച്ചെറിയുകയും ചെയ്തു.

ക്രിക്കറ്റ് ഉപകരണങ്ങളോ ഗ്രൗണ്ടിലെ മറ്റ് വസ്തുക്കളോ ദുരുപയോഗം ചെയ്യുന്നത് തടയുന്ന ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് താരത്തിനെതിരെ നടപടിയെടുത്തത്. താൻ ചെയ്തത് തെറ്റാണെന്ന് രഘുവംശി സമ്മതിച്ചതായും ഐ.പി.എൽ അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വിവാദങ്ങൾക്കിടയിലും മത്സരം ആവേശം നിറഞ്ഞതായിരുന്നു. നിശ്ചിത ഓവറിൽ ഇരു ടീമുകളും 155 റൺസ് വീതം നേടിയതോടെ കളി സൂപ്പർ ഓവറിലേക്ക് നീങ്ങി. അവസാന പന്തിൽ സിക്‌സർ നേടി ലഖ്‌നൗ മത്സരം ടൈ ആക്കിയെങ്കിലും, സൂപ്പർ ഓവറിൽ കൊൽക്കത്ത വിജയം സ്വന്തമാക്കുകയായിരുന്നു. തകർച്ചയിൽ നിന്നും കെ.കെ.ആറിനെ കരകയറ്റിയത് പുറത്താകാതെ 83 റൺസ് നേടിയ റിങ്കു സിങ്ങിന്റെ പ്രകടനമാണ്. റിങ്കു സിങ്ങാണ് കളിയിലെ താരം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video