breaking-news

സംസ്‌ഥാനത്ത്‌ നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; മലപ്പുറത്ത്‌ 228, പാലക്കാട്‌ 110, കോഴിക്കോട്‌ 87 പേരും; സമ്പർക്ക പട്ടികയിൽ ആരോ​ഗ്യ പ്രവർത്തകരും

മലപ്പുറം: സംസ്‌ഥാനത്ത്‌ നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ. മലപ്പുറത്ത്‌ 228, പാലക്കാട്‌ 110, കോഴിക്കോട്‌ 87 പേർ എന്നിങ്ങനെയാണ്‌ പട്ടികയിലുള്ളത്‌. മലപ്പുറത്ത്‌ ചികിത്സയിലുള്ള 12 പേരിൽ അഞ്ചുപേർ ഐ.സി.യുവിലാണ്‌. സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ നെഗറ്റീവായിട്ടുണ്ട്‌. പാലക്കാട്‌ ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്‌. 61 ആരോഗ്യപ്രവർത്തകർ ഇവിടെ സമ്പർക്കപ്പട്ടികയിലുണ്ട്‌.

കോഴിക്കോട്‌ ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവർത്തകരാണെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. പ്രദേശത്ത്‌ പനി നിരീക്ഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്‌. പാലക്കാട്‌ സമ്പർക്കപ്പട്ടികയിലുള്ളവരെ അവിടെത്തന്നെ ഐസൊലേറ്റ്‌ ചെയ്യണമെന്നും സാമ്പിളുകൾ മാത്രം പരിശോധനയ്‌ക്കയച്ചാൽ മതിയാകുമെന്നാണ്‌ നിർദേശം.

നിപ സ്‌ഥിരീകരിച്ച പാലക്കാട്ടെയും മലപ്പുറത്തെയും വ്യക്‌തികളുടെ റൂട്ട്‌ മാപ്പ്‌ പ്രസിദ്ധീകരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ ആരോഗ്യവകുപ്പിന്റെ യോഗം നിർദേശിച്ചു. ആരോഗ്യ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി, എൻ.എച്ച്‌.എം. സ്‌റ്റേറ്റ്‌ മിഷൻ ഡയറക്‌ടർ, ആരോഗ്യ വകുപ്പ്‌ ഡയറക്‌ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടർ, അഡീഷണൽ ഡയറക്‌ടർമാർ, ജില്ലാ കലക്‌ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ്‌ ഉദ്യോഗസ്‌ഥർ, വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മലപ്പുറം ജില്ലയിൽ നിപ റിപ്പോർട്ട്‌ ചെയ്‌തതിനെത്തുടർന്ന്‌ മക്കരപ്പറമ്പ്‌, കുറുവ, കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകളിലെ 20 വാർഡുകളിൽ ആരോഗ്യസംഘം നിരീക്ഷണം നടത്തി. രോഗത്തിന്റ പ്രഭവകേന്ദ്രം കണ്ടെത്തുകയും ഗൃഹകേന്ദ്രീകൃത ബോധവൽക്കരണം ശക്‌തിപ്പെടുത്തുകയുമാണു ലക്ഷ്യം. 65 ടീമുകൾ 1655 വീടുകൾ സന്ദർശിച്ചു. രോഗലക്ഷണങ്ങളുള്ള ആരെയും സർവേയിൽ കണ്ടെത്തിയില്ല.

നിപ പ്രതിരോധ മാർഗങ്ങളെക്കുറിച്ച്‌ വീടുകളിൽ ബോധവൽക്കരണം നടത്തി. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ കർശനമായി പാലിക്കേണ്ട നിയന്ത്രണ മാർഗങ്ങളെ ക്കുറിച്ചും അവബോധം നൽകി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video