തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഒത്താശ ചെയ്തുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു.
നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം ആക്രമിച്ചെന്ന കേസിലാണ് നടപടി. കേസിൽ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ അജിത് കുമാറിന്റെ ഓഫീസ് ഇടപെട്ടുവെന്നാണ് എസ്ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, കേസ് അട്ടിമറിക്കാൻ തന്റെ ഓഫീസ് ഇടപെട്ടെന്ന ആരോപണം അജിത് കുമാർ നിഷേധിച്ചു. ആരോപണം ഉയരുന്ന കാലയളവിൽ താൻ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരണത്തിൽ വ്യക്തമാക്കി.