വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി; മാധ്യമങ്ങൾക്കെതിരെ വികാരാധീനയായി പി.കെ. ശ്രീമതി

വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി; മാധ്യമങ്ങൾക്കെതിരെ വികാരാധീനയായി പി.കെ. ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ ചില ദൃശ്യമാധ്യമങ്ങളും യൂട്യൂബ് ചാനലുകളും അടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. തുടർച്ചയായ വ്യക്തിഹത്യയും വ്യാജപ്രചാരണവും മൂലം മനംനൊന്ത് മാധ്യമങ്ങളെ കണ്ട അവർ സംസാരത്തിനിടെ വികാരാധീനയായി.

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അപമാനിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്ന് പി.കെ. ശ്രീമതി അറിയിച്ചു. ഇതിനാവശ്യമായ തെളിവുകൾ ശേഖരിച്ച് അഭിഭാഷകന് കൈമാറിയതായും അവർ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില യൂട്യൂബ് ചാനലുകളും ഒരു സായാഹ്ന പത്രവും ചേർന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരാളുടെ പേരിൽ താൻ നിയമസഭാ കുടുംബപെൻഷൻ കൈപ്പറ്റുന്നുവെന്ന തരത്തിലാണ് പ്രചാരണമെന്നും, അത്തരമൊരു എം.എൽ.എ തന്നെ ഇല്ലെന്നാണ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി.