ഡൽഹിയിൽ നാടകീയ രംഗങ്ങൾ; ഇന്ത്യാ സഖ്യ എംപിമാരുടെ ‘സ്മൃതിയാത്ര’ പൊലീസ് തടഞ്ഞു

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; ഇന്ത്യാ സഖ്യ എംപിമാരുടെ ‘സ്മൃതിയാത്ര’ പൊലീസ് തടഞ്ഞു

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ദേശീയ തലസ്ഥാനത്ത് സംഘർഷാവസ്ഥ. ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഇന്ത്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് ‘സ്മൃതിയാത്ര’ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

മൂന്ന് ബസുകളിലായാണ് എംപിമാർ യാത്ര ആരംഭിച്ചത്. എന്നാൽ യാത്രയുടെ തുടക്കത്തിൽ തന്നെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ബസുകൾ തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രതിഷേധിച്ചു. തുടർന്ന് ബസുകൾക്ക് താൽക്കാലികമായി കടന്നുപോകാൻ അനുമതി നൽകിയെങ്കിലും വിവിധ സ്ഥലങ്ങളിൽ വീണ്ടും പൊലീസ് തടയുകയായിരുന്നു.

ബാരിക്കേഡ് നീക്കി മുന്നോട്ടുപോകാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും സംഘർഷവുമുണ്ടായി. രാഹുൽ ഗാന്ധിയുടെ വസതിയിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിവരെയുള്ള പാതയിൽ അഞ്ചിടങ്ങളിലാണ് പൊലീസ് ബസുകൾ തടഞ്ഞത്.

സ്ഥലത്ത് ദ്രുതകർമ സേനയെ ഉൾപ്പെടെ വൻ സുരക്ഷാസന്നാഹം ഒരുക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച്, എംപിമാർ സഞ്ചരിച്ച ബസുകൾ പൊലീസ് ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണ്.