breaking-news Kerala

ഹൃദയ വാൽവിൽ രണ്ട് ബ്ളോക്ക്; കാലിൽ മുറിവ്; ​ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; രാസ പരിശോധന തുടരാൻ പൊലീസ്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ തീർത്ത നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ളോക്കുണ്ടായിരുന്നു. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുമുണ്ടായിരുന്നു. അസുഖങ്ങൾ മരണകാരണമായോയെന്ന് വ്യക്തമാക്കാൻ ആന്തരിക പരിശോധനാഫലം വരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. .ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൃതദേഹത്തിൽ ക്ഷതമില്ല. വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങൾക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. വായ്ക്കുള്ളിൽ ഭസ്മത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത് ഉള്ളിലേക്ക് ഇറങ്ങിയിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.ആന്തരികാവയവങ്ങളുടെ പരിശോധനാഫലങ്ങൾ ഉൾപ്പെടെ വേഗത്തിൽ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആശ്യപ്പെട്ട് കോടതി മുഖാന്തരം ഫോറൻസിക് ലബോറട്ടറി ഡയറക്ടർ, കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി ചീഫ് കെമിക്കൽ എക്സാസാമിനർ, പത്തോളജി വിഭാഗം മേധാവി എന്നിവർക്ക് നോട്ടീസ് നൽകും.

ഗോപന്റെ മരണത്തിൽ പരാതികൾ ഉയർന്നതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തത്. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു.മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗോപന്റെ ഭൗതികദേഹം അതേസ്ഥലത്ത് ഋഷിപീഠം എന്നപേരിൽ നിർമ്മിച്ച പുതിയ കല്ലറയിൽ സമാധിയിരുത്തി.

41 ദിവസം സന്യാസിമാരുടെ നേതൃത്വത്തിൽ പൂജകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. സമാധി മണ്ഡപം പൊളിച്ച് പൊലീസ് പരിശോധന നടത്തുന്നതിനെ എതിർത്ത് ഹിന്ദു സംഘടനകളും രം​ഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയം വിവാദമായത്. പിന്നാലെ സബ് കളക്ടർ അടക്കം ഇടപെട്ടാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമാധി മണ്ഡപം പൊളിച്ച് പരിശോധന നടത്തിയത്. എന്നാൽ അസ്വഭാവികത കണ്ടെത്താൻ കഴിയാഞ്ഞതോടെ മഹാ സമാധി ചടങ്ങുകൾ നടത്തി സംസ്കരിക്കുകയായിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video