കൊല്ലം: കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഉച്ചയ്ക്ക് 2.35ഓടെയാണ് അമിത് ഷാ കൊല്ലം ആശ്രമം മൈതാനത്ത് എത്തിയത്.
ഹെലികോപ്റ്ററിൽ ഇറങ്ങി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് വരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാഹനവ്യൂഹത്തിന് സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എട്ടോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതിനിടെ ആശ്രമം മൈതാനത്ത് എത്തിയിരുന്ന ബിജെപി പ്രവർത്തകർ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉണ്ടായി.
ഡൽഹിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അമിത് ഷായ്ക്ക് നേരെയും കരിങ്കൊടി കാണിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധക്കാരെ മാറ്റിയ ശേഷം അമിത് ഷാ റോഡ് മാർഗം കുണ്ടറയിലേക്ക് യാത്ര തിരിച്ചു. കുണ്ടറയിലെ സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനവും മറ്റ് പരിപാടികളും പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.