തിരുവനന്തപുരം: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിനെ വരവേറ്റ് തലസ്ഥാനത്ത് സംഘടിപ്പിച്ച ഫുട്ബോൾ ആരാധകരുടെ സംഗമം ആവേശമായി. ലോകകപ്പ് സംപ്രേഷണാവകാശമുള്ള സീ 5 (Z5) ചാനൽ ചൊവ്വാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒരുക്കിയ പരിപാടിയിലാണ് കാൽപ്പന്തുപ്രേമികളുടെ വൻ ജനസാഗരം ഒഴുകിയെത്തിയത്. പരിപാടിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ജോ പോൾ അഞ്ചേരി, വി.പി ഷാജി, മാത്യൂ വര്‍ഗ്ഗീസ് തുടങ്ങിയവർ മുഖ്യാതിഥികളായി.
ദേശീയ, അന്തർദേശീയ തലങ്ങളിൽ തിളങ്ങിയ കേരളത്തിന്റെ പ്രിയ താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ബ്രസീൽ, അർജന്റീന, ജർമനി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞെത്തിയ ആരാധകർ സ്റ്റേഡിയത്തിൽ ആവേശത്തിരയിളക്കി. കേരളത്തിന്റെ ഫുട്ബോൾ ആവേശം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതായി ഈ സംഗമം. ഫാൻസ് കൂട്ടായ്മകൾ, സ്കൂൾ-കോളേജ് വിദ്യാർഥികൾ, ഫുട്ബോൾ അക്കാദമി-ക്ലബ്ബ് അംഗങ്ങൾ, ടെക്നോപാർക്ക് ജീവനക്കാർ തുടങ്ങിയവരുൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് പരിപാടിയിലുണ്ടായത്.
ലോകകപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ, മൈതാനം നിറയുന്ന പടുകൂറ്റൻ പോസ്റ്ററിന്റെ അനാച്ഛാദനവും ചടങ്ങിൽ നടന്നു. പ്രഗത്ഭർ അവതരിപ്പിച്ച ഫുട്ബോൾ ട്രിക്കുകളും, ആരാധകരെ ആവേശത്തിലാഴ്ത്തിയ ‘സോക്കർ ചെണ്ടമേളവും’ പരിപാടിക്ക് മാറ്റുകൂട്ടി. പ്രിയ താരങ്ങളുമായി സംവദിക്കാനും ആരാധകർക്ക് അവസരം ലഭിച്ചു. പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യ പ്രവേശനമാണ് സംഘാടകർ ഒരുക്കിയിരുന്നത്