ട്രെയിൻ സുരക്ഷയ്ക്ക് കരുത്തേകാൻ ടിക്കറ്റ് പരിശോധന വിഭാഗം ജീവനക്കാർക്ക് ഉന്നതതല അഗ്നിശമന പരിശീലനം

ട്രെയിൻ സുരക്ഷയ്ക്ക് കരുത്തേകാൻ ടിക്കറ്റ് പരിശോധന വിഭാഗം ജീവനക്കാർക്ക് ഉന്നതതല അഗ്നിശമന പരിശീലനം

ട്രെയിനുകളിലെ അഗ്നിബാധ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും യാത്രക്കാരുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ടിക്കറ്റ് പരിശോധന വിഭാഗം ജീവനക്കാർക്കായി അഗ്നിശമന പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം.
തിയറിയും പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്ന പരിപാടിയിൽ അഗ്നിബാധ പ്രതിരോധം, അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം, ട്രെയിനുകളിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ വിശദമായ പരിശീലനം നൽകി.

എറണാകുളത്തും, തിരുവനന്തപുരത്തും ഇന്ന് സംഘടിപ്പിച്ച് പ്രത്യേക പരിശീലന പരിപാടിയിൽ ടിക്കറ്റ് പരിശോധന വിഭാഗത്തിലെ 65 ജീവനക്കാർ പങ്കെടുത്തു.
ഡിവിഷനിലെ എല്ലാ ടിക്കറ്റ് പരിശോധന വിഭാഗം ജീവനക്കാരെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രത്യേക പരിശീലന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതുവരെ നാല് പരിശീലന സെഷനുകളിലായി 255 ജീവനക്കാർക്ക് പരിശീലനം നൽകി കഴിഞ്ഞു. ഇതിലൂടെ ട്രെയിനുകളിലെ അഗ്നിബാധ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള ജീവനക്കാരുടെ പ്രായോഗിക പരിജ്ഞാനവും ആത്മവിശ്വാസവും കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.

കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം ജീവനക്കാരുടെ അടിയന്തര പ്രതികരണ ശേഷി വർധിപ്പിക്കുന്നതിന് സഹായകമായി.

യാത്രക്കാരുടെയും റെയിൽവേ ആസ്തികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജീവനക്കാരുടെ നൈപുണ്യ വികസനത്തിനും തുടർച്ചയായ പരിശീലനത്തിനും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മുൻഗണന നൽകിവരുന്നു.