ന്യുഡൽഹി: നോയിഡയിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിനിടയുണ്ടായ അക്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി. മനീഷ ചൗഹാൻ, രൂപേഷ് റായ്, ആദിത്യ ആനന്ദ് എന്നിവർ അക്രമത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തി. ഇതിൽ രൂപേഷും ആദിത്യയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരാണെന്നും ഇവർ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയതായും കമ്മീഷണർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ക്യുആർ കോഡുകൾ അയച്ചുമാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സമാധാനപരമായ ചർച്ചകൾ നടക്കുന്നതിനിടയിലും ഈ വ്യക്തികൾ തൊഴിലാളികളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രൂപേഷിനെയും മനീഷയെയും പിടികൂടിയെങ്കിലും ആദിത്യ ഇപ്പോഴും ഒളിവിലാണ്. ഏപ്രിൽ 13-ന് പ്രതിഷേധം നിയന്ത്രണവിധേയമായ ശേഷം രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചു. ഈ അക്കൗണ്ടുകൾ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന ഈ അക്കൗണ്ടുകൾ വിപിഎൻ ഉപയോഗിച്ചാണ് വിവരം പങ്കുവെച്ചിരുന്നത്. വ്യവസായ മേഖലയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്ന് പോലീസ് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 62 പേരെ അറസ്റ്റ് ചെയ്തു.

Leave feedback about this