തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്ത്, ഒരു വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് നേതാക്കൾക്കെതിരെ തുറന്ന കത്തുമായി രംഗത്ത്. പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ നടപടികൾ വൈകുന്നതിനെതിരെയാണ് സുജിത്തിന്റെ വിമർശനം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തുറന്ന കത്ത് പങ്കുവെച്ചത്.
പൊലീസ് മർദനത്തിനിരയായ സമയത്ത് ‘കൂടെയുണ്ടാകുമെന്നും നീതിക്കായി അവസാനം വരെ പോരാടുമെന്നും’ നേതാക്കൾ ഉറപ്പുനൽകിയിരുന്നുവെന്ന് സുജിത്ത് കത്തിൽ പറയുന്നു. തന്നെ മർദിച്ച പൊലീസുകാരെ സർവീസിൽനിന്ന് പുറത്താക്കുന്നതുവരെ പോരാടുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. ഈ വാക്കുകൾ വിശ്വസിച്ച് താനും കുടുംബവും കാത്തിരുന്നെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് സുജിത്തിന്റെ ആരോപണം.
‘നമ്മുടെ സർക്കാർ വന്നു. പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയായും മറ്റൊരാൾ ആഭ്യന്തര മന്ത്രിയായും മറ്റൊരാൾ കെപിസിസി പ്രസിഡന്റായും തുടരുന്നു. എന്നാൽ മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു? അന്വേഷണം എവിടെയെത്തി? നടപടി വൈകുന്നതിന് പിന്നിൽ എന്താണ്?’– സുജിത്ത് ചോദിച്ചു.
തനിക്ക് രാഷ്ട്രീയ സംരക്ഷണം ആവശ്യമില്ലെന്നും നീതിയാണ് വേണ്ടതെന്നും സുജിത്ത് വ്യക്തമാക്കി. ഒരു വർഷമായി നീതിക്കായി കാത്തിരിക്കുന്ന തന്നോട് ഇനി എന്താണ് പറയാനുള്ളതെന്നും അദ്ദേഹം നേതാക്കളോട് ചോദിച്ചു.
‘ഞങ്ങൾ കൂടെയുണ്ട്’ എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ് ഒരിക്കലെങ്കിലും പ്രവർത്തിച്ച് കാണിക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. നീതി വൈകുന്നത് കാക്കിയിട്ട മർദകരെ സംരക്ഷിക്കുന്നതിനുവേണ്ടിയാകരുതെന്നും അദ്ദേഹം കത്തിൽ ഓർമിപ്പിച്ചു.
2023ലാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് സുജിത്തിന് പൊലീസിന്റെ മർദനമേറ്റത്. തുടർന്ന് രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. തന്നെ മർദിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും സർവീസിൽനിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അന്ന് സുജിത്ത് വ്യക്തമാക്കിയിരുന്നു.