തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ. ഇതുവരെ 409 വിവാഹങ്ങൾക്കുള്ള ബുക്കിങ് പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു. വിവാഹങ്ങളുടെ തലേ ദിവസം വരെ ബുക്കിങ് അനുവദിക്കുന്നതിനാൽ എണ്ണം ഇനിയും ഉയർന്നേക്കും.
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13 വിവാഹങ്ങൾക്ക് ശുഭകരമായ ദിവസമായാണ് കണക്കാക്കുന്നത്. വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനവും വിവാഹചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം പൊലീസുമായി ചേർന്ന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
വിവാഹചടങ്ങുകൾ പുലർച്ചെ നാല് മുതൽ ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ ഒരുക്കും. ക്ഷേത്രത്തിനകത്തും പുറത്തും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയോഗിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കിഴക്കേ നട പൂർണമായും വൺവേ ആക്കും.
സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള സി.സി.ടി.വി ക്യാമറകളുടെ പ്രവർത്തനം പരിശോധിക്കും. 24 മണിക്കൂറും നിരീക്ഷണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം അറിയിച്ചു.
ദർശനവും വിവാഹചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹകരണം ആവശ്യമാണെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അറിയിച്ചു.