;

ഇഡി വാർത്തകൾ അസംബന്ധം; വ്യക്തിഹത്യയ്ക്ക് മെനഞ്ഞ കള്ളക്കഥ’; നിയമപരമായി പോരാടുമെന്ന് മുഹമ്മദ് റിയാസ്

ഇഡി വാർത്തകൾ അസംബന്ധം; വ്യക്തിഹത്യയ്ക്ക് മെനഞ്ഞ കള്ളക്കഥ’; നിയമപരമായി പോരാടുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അസംബന്ധമാണെന്ന് മുൻമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞെടുത്ത കള്ളക്കഥകളാണ് വാർത്തകളിലൂടെ പ്രചരിപ്പിക്കുന്നതെന്നും റിയാസ് ആരോപിച്ചു. ഇ.ഡി ചോർത്തി നൽകിയതായി പറയുന്ന റിപ്പോർട്ടിൽ തന്റെ ആരോപിക്കപ്പെടുന്ന ഇടപെടലുകളെക്കുറിച്ച് വീണ ഇ.ഡിക്ക് മുന്നിൽ സമ്മതിച്ചതായി പറയുന്നുണ്ടെന്നും, ഇത് പച്ചക്കള്ളമാണെന്നും റിയാസ് വ്യക്തമാക്കി.

ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ പ്രതികരണം. ഇ.ഡി ചോർത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ വന്നതെങ്കിൽ, അതിന് പിന്നിൽ വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ശ്രമമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

‘‘ഇത്തരം കാര്യങ്ങൾ വീണ ഇ.ഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ.ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്’’–റിയാസ് പറഞ്ഞു.

ഇ.ഡി അന്വേഷണം എന്ന പേരിൽ പുറത്തുവരുന്ന ഇത്തരം വിവരങ്ങളെ രൂക്ഷമായ ഭാഷയിലാണ് റിയാസ് വിമർശിച്ചത്. ‘‘ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’’ എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളിൽ നിയമപരമായി പോരാടുമെന്നും റിയാസ് വ്യക്തമാക്കി. ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ രാഷ്ട്രീയമായി തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന നിലപാടാണ് റിയാസ് സ്വീകരിച്ചിരിക്കുന്നത്.

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇ.ഡി പുതിയ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കത്ത് നൽകിയതിനു പിന്നാലെയാണ് റിയാസിനെതിരെയും ആരോപണങ്ങൾ ഉയർന്നത്. ആരോപണങ്ങൾ റിയാസ് നിഷേധിക്കുകയും നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

;