കൊച്ചി: നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നിയമനടപടിയുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിപ്പിച്ച അപകീർത്തികരമായ കുറിപ്പുകളും പരാമർശങ്ങളും പിൻവലിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തനിക്കെതിരെ ലക്ഷ്യമിട്ട് നിരന്തരം നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ വ്യക്തിജീവിതത്തെയും പൊതുസമൂഹത്തിലെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക മാധ്യമങ്ങളിലെ പരാമർശങ്ങൾ വഴി തന്റെ വ്യക്തിപരമായ മാന്യതയ്ക്കും പ്രതിച്ഛായയ്ക്കും ഹാനിയുണ്ടാക്കിയെന്നും ഇത് തടയാൻ കോടതി ഇടപെടണമെന്നും മഞ്ജു വാര്യർ ആവശ്യപ്പെട്ടിട്ടുണ്ട്.