തമിഴ്നാട്ടിൽ ഇനി ടി.വി.കെ സർക്കാർ; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തമിഴ്നാട്ടിൽ ഇനി ടി.വി.കെ സർക്കാർ; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ പത്തിന് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തര വകുപ്പും വിജയ് തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ എല്ലാം കടമകളും നിറവേറ്റുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം വിജയ് പറഞ്ഞു. വിവിധ വകുപ്പുകളുടെ മന്ത്രിമാരായി സെങ്കോട്ടയൻ, എൻ ആനന്ദ്, ആധവ് അർജുന, പി വെങ്കിട്ടരമണൻ, എസ് കീർത്തന, രാജ്‌മോഹൻ, മുസ്തഫ, അരുൺരാജ്, സി ടി ആർ നിർമൽ കുമാർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

കോൺഗ്രസ്സ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിജയ് സർക്കാർ രൂപവത്കരിച്ചത്. 120 എം എൽ എമാരുടെ പിന്തുണ ഉറപ്പായതിന് പിന്നാലെ ഗവർണർ കൂടിക്കാഴ്ചക്കായി വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു.

വിടുതലൈ ചിരുതൈഗൾ കച്ചി (വി സി കെ) ടി വി കെക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് കൈമാറിയതോടെയാണ് സർക്കാർ രൂപവത്കരിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയത്. വി സി കെയുടെ പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപവത്കരിക്കാനുളള 118 എന്ന കേവല ഭൂരിപക്ഷം ടി വി കെക്ക് ലഭിച്ചു. ഇതിന് പിന്നാലെ ടി വി കെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ച് മുസ്ലിം ലീഗും രംഗത്തെത്തി. ഇതോടെ വിജയ്ക്ക് 120 എം എൽ എമാരുടെ പിന്തുണയായി. നേരത്തെ, കോൺഗ്രസ്സിന്റെ അഞ്ചും സി പി ഐ, സി പി എം പാർട്ടികളുടെ രണ്ട് വീതവും എം എൽ എമാർ ടി വി കെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.