രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
രൺപുർ ഗ്രാമവാസികളായ ധീരുഭായി ചൗഹാൻ (50), മകൻ നയൻ ചൗഹാൻ (23), ബന്ധുവായ നരേന്ദ്ര ചൗഹാൻ (30) എന്നിവരാണ് മരിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചംഗ സംഘം അയൽഗ്രാമമായ ജിയാനയിലെ ചെക്ക് ഡാമിലെത്തിയത് ഗണേശ വിഗ്രഹ നിമജ്ജനത്തിനായാണ്.
ഡാമിൽ ഇറങ്ങിയതിന് പിന്നാലെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പുരുഷന്മാരെയും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.