;

സൗദിയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; ആലിപ്പഴ വർഷത്തിനും മലവെള്ളപ്പാച്ചിലിനും മുന്നറിയിപ്പ്

സൗദിയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; ആലിപ്പഴ വർഷത്തിനും മലവെള്ളപ്പാച്ചിലിനും മുന്നറിയിപ്പ്

റിയാദ്: ജിദ്ദയടക്കം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ശക്തമായ മഴ ലഭിച്ചു. ജിദ്ദ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും രാവിലെയും ഉച്ചയ്ക്കുമായി ആരംഭിച്ച നേരിയ മഴ പിന്നീട് ശക്തി പ്രാപിച്ചു. മദീനയുടെ വിവിധ ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തി.

മക്ക, മദീന, ഹായിൽ, ഖസീം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽബാഹ മേഖലകളിലും സമാന കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്.

ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റിൽ പൊടിയും മണലും ഉയരുന്നതിനാൽ കാഴ്ചപരിധി ഗണ്യമായി കുറയാനും താഴ്‌വരകളിൽ മലവെള്ളപ്പാച്ചിലുണ്ടാകാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

;