കോഴിക്കോട് : ചലച്ചിത്ര – നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. പുലർച്ചെ നാലോടെയാണ് അന്ത്യം. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാവിത്രി മലയാളി മനസിൽ ഇടംപിടിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.
40 വർഷത്തിലേറെയായി അഭിനയത്തിൽ സജീവമാണ്. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. 1961ലാണ് നാടകത്തിൽ അഭിനയിച്ച് തുടങ്ങിയത്. 1984ൽ ആണ് ആദ്യമായി പ്രഫഷണൽ നാടകത്തിൽ അഭിനയിക്കുന്നത്. കെടി മുഹമ്മദിൻ്റെ കലിംഗ തിയറ്ററിൻ്റെ ഇതു ഭൂമിയാണ് ആയിരുന്നു ആദ്യ നാടകം
കലിംഗയ്ക്ക് പുറമെ കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളിൽ സാവിത്രി അഭിനയിച്ചിട്ടുണ്ട്. 1977-ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. അണിയറ എന്ന നാടകത്തിലെ വേഷത്തിനാണ് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. രാജസഭയിലെ ഐഷക്കുട്ടിയുടെ വേഷത്തിനാണ് 1993ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നീ നാടകങ്ങളിൽ മികച്ച വേഷം ചെയ്തു. എംടിയുടെ കടവ് എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 2018 ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.