;

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

കൊച്ചി: വീട്ടിൽ അനുവദനീയമായ അളവിൽക്കവിഞ്ഞ് മദ്യം സൂക്ഷിച്ചെന്ന അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം.

മാനന്തവാടി ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു ആന്റോ. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനുവദനീയമായ പരിധിയിൽക്കവിഞ്ഞ മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് ആന്റോയ്‌ക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിന് അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

നേരത്തെ ആന്റോ സമർപ്പിച്ച ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.

വീട്ടിൽനിന്ന് 138 കുപ്പികളിലായി 67 ലിറ്ററോളം മദ്യം കണ്ടെത്തിയെന്നാണ് എക്സൈസിന്റെ കേസ്. ഇതിൽ 12.75 ലിറ്റർ ദ്രാവകം വ്യാജമദ്യമാണെന്ന് സംശയിക്കുന്നതായും അധികൃതർ വ്യക്തമാക്കിയിരുന്നു. സാമ്പിൾ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

;