;

വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് മൊഴി നൽകിയത്; ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്ന് ഗൺമാൻ

വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് മൊഴി നൽകിയത്; ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്ന് ഗൺമാൻ

കണ്ണൂർ റെയിൽവേ സ്റ്റേഷൻ ആക്രമണക്കേസിൽ ഗൺമാൻ അഭിലാഷിന്റെ മൊഴിമാറ്റം നിർണായകം

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദേശപ്രകാരമാണെന്നും ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു നേരത്തേ നൽകിയ മൊഴി. എന്നാൽ, സംഭവം നേരിട്ട് കണ്ടിട്ടില്ലെന്നും അന്നത്തെ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മൊഴി നൽകിയതെന്നും അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.

അഭിലാഷിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ മന്ത്രിയെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്. അതിനാൽ മൊഴിമാറ്റം കേസിന്റെ തുടർനടപടികളിൽ നിർണായകമായേക്കും.

പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ അഭിലാഷിനെതിരെ നടപടി ശിപാർശ ചെയ്യാൻ എസ്ഐടി നീക്കം നടത്തുന്നതായും സൂചനയുണ്ട്. തെറ്റായ മൊഴി നൽകിയെന്ന കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

;