കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി വൈസ് പ്രസിഡന്റ് ശ്വേത മേനോന്‍. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അനുഭവക്കുറവ് മൂലം ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ശ്വേത മേനോനും നിലവിലെ ഭരണസമിതിയിലെ അംഗങ്ങളും ചേര്‍ന്നാണ് കത്ത് അംഗങ്ങള്‍ക്ക് കൈമാറിയത്. അതേസമയം, സംഘടനയിലെ തന്റെ ഭാവിയെക്കുറിച്ചോ രാജിവെക്കുമോയെന്ന കാര്യത്തിലോ ശ്വേത മേനോന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ജൂണ്‍ 21ന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ പ്രഖ്യാപിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുത ലഭിച്ചിട്ടില്ലാത്തതിനാല്‍ നിലവിലെ ഭരണസമിതിയാണ് സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ യാതൊരു തര്‍ക്കവും കൂടാതെയാണ് മുന്നോട്ടുപോകുന്നതെന്നും വിശദീകരിക്കുന്നു.
അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ്, കൈനീട്ടം, സഞ്ജീവനി ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ തടസമില്ലാതെ തുടരുന്നുണ്ടെന്നും അവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ശ്വേത മേനോന്‍ അറിയിച്ചു.
ഇതിനിടെ, ശ്വേത മേനോനും ഭരണസമിതിക്കുമെതിരെ വിമര്‍ശനമുന്നയിച്ച അംഗങ്ങളില്‍നിന്ന് തുറന്ന കത്തിനോട് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.