ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കൾക്കെതിരെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്.
ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ ഔദ്യോഗിക ചുമതലകൾ തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. സംഭവത്തിൽ ആകെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഡൽഹിയിലെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
രാഷ്ട്രപതിയെ കാണുന്ന പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തേണ്ട 10 നേതാക്കളെ തീരുമാനിക്കുന്നതിനായി രാവിലെ 11ന് പ്രതിപക്ഷ നേതാക്കൾ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നടപടികളുമായി ബന്ധപ്പെട്ട പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.