;

ഡൽഹിയിൽ പ്രതിപക്ഷ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹിയിൽ പ്രതിപക്ഷ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധക്കാരെ പൊലീസ് ബസുകളിലേക്ക് മാറ്റുന്നതിനിടെ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ചും ഓടിച്ചുമാണ് നീക്കിയത്. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനെത്തിയ വാഹനത്തിന്റെ ടയർ കോൺഗ്രസ് പ്രവർത്തകർ പഞ്ചറാക്കിയതിനെ തുടർന്ന് അദ്ദേഹത്തെ മറ്റൊരു ബസിലേക്ക് മാറ്റിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ‘വോട്ട് ചോരി’ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആകാശവാണി ഭവന് മുന്നിൽ മണിക്കൂറുകളോളം നേതാക്കൾ ഉപരോധ സമരം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാം ദിവസവും പ്രതിഷേധം ശക്തമാക്കിയത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ സാഗർ രത്ന റെസ്റ്റോറന്റിൽ ചേർന്ന ഉച്ചഭക്ഷണ യോഗത്തിന് ശേഷമാണ് എംപിമാരും പ്രതിപക്ഷ നേതാക്കളും ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ബസുകൾ തടയുകയായിരുന്നു.
ജന്തർ മന്തറിൽ പരിപാടി നടത്തുന്നതിന് 10 ദിവസം മുൻപ് ന്യൂഡൽഹി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസിന് അപേക്ഷ നൽകണമെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്.

‘വോട്ട് ചോരി’ വിഷയം ജനങ്ങളിലെത്തിക്കുമെന്നും രാജ്യത്ത് ജനാധിപത്യം നശിപ്പിക്കപ്പെടുകയാണെന്നും ഉച്ചഭക്ഷണ യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പൊലീസ് തടസ്സങ്ങൾ അവഗണിച്ച് പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

;