;

മന്ത്രിക്കെതിരായ പ്രതിഷേധം; മഹാരാജാസിലെ രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

മന്ത്രിക്കെതിരായ പ്രതിഷേധം; മഹാരാജാസിലെ രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊച്ചി: മന്ത്രി റോജി എം. ജോണിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത മഹാരാജാസ് കോളജിലെ രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോളജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരായ പ്രതിഷേധം.

മന്ത്രി വേദിയിൽ സംസാരിക്കുന്നതിനിടെ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി ചോദ്യം ഉന്നയിക്കുകയായിരുന്നു. പിന്നാലെ ബാനറുകളുമായി മറ്റ് പ്രവർത്തകരും വേദിയിലേക്ക് കയറിയതോടെ ചടങ്ങ് തടസ്സപ്പെട്ടു.

സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു നേതാക്കൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

;