;

പിപി ദിവ്യ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു; നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യം

പിപി ദിവ്യ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു; നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യം


കണ്ണൂർ: തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായി റിപ്പോർട്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയതടക്കമുള്ള കാര്യങ്ങൾ കത്തിൽ പരാമർശിക്കുന്നുണ്ട്.

സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ദിവ്യയുടെ പരാതി. ജില്ലാ സെന്ററിലെ പ്രവർത്തനത്തിൽനിന്ന് തന്നെ മാറ്റിയത് ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണെന്നും കത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കത്തയച്ചത്.

കത്ത് ലഭിച്ചതായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സ്ഥിരീകരിച്ചു. വിഷയം ചർച്ച ചെയ്യാമെന്നും ദിവ്യയുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചു.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതിന് പിന്നാലെ പാർട്ടിയുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പ് ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണവും
അതിനിടെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നിർമ്മാണ കരാറുകൾ നൽകിയെന്ന പരാതിയിൽ പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഭർത്താവ് അജിത്ത്, ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർക്കെതിരെയും അന്വേഷണം നടത്തും.

കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നാണ് പരാതിയിലെ ആരോപണം. 2023–24 കാലയളവിലെ ഇടപാടുകളാണ് അന്വേഷണപരിധിയിലുള്ളത്. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും പരിശോധിക്കും.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ജൂണിലാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ ദിവ്യ പ്രതികരിച്ചിരുന്നു.

;