മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സന്യാസിമാർക്കിടയിലെ വിയോജിപ്പുകളിൽ നിലപാട് വ്യക്തമാക്കി മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി. മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ മഹാമാഘം നടത്തുമെന്ന പ്രഖ്യാപനത്തിനും സാമ്പത്തിക ആരോപണങ്ങൾക്കും മറുപടിയുമായി ജൂന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി രംഗത്തെത്തി. തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് സന്യാസിമാർക്ക് ചേർന്ന പ്രവൃത്തിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം തിരുനാവായയിൽ മഹാമാഘം മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞെങ്കിലും ഇത്തവണ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സ്വാമി ആനന്ദവനം ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ ഉപദേശക സമിതിയായ മാർഗദർശക മണ്ഡലത്തിൽ താൻ അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ എല്ലാ സന്യാസി പരമ്പരകളെയും മാർഗദർശക മണ്ഡലം ഉൾക്കൊള്ളുന്നില്ലെന്നും അതിന് സ്വന്തം നിലയിൽ പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ടെങ്കിലും മഹാമാഘത്തിന്റെ നടത്തിപ്പിൽ ഇടപെടാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സന്യാസി പരമ്പരയുടെ ആചാര്യൻ ഏറ്റെടുത്ത് നടത്തുന്ന പരിപാടിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായാൽ ആചാര്യനുമായി സംസാരിച്ച ശേഷമാണ് മറ്റ് സന്യാസിമാർ സാധാരണയായി ഇടപെടാറുള്ളത്. എന്നാൽ, മഹാമാഘം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനിടെ മാർഗദർശക മണ്ഡലം വിഷയം ഏറ്റെടുത്തത് എന്ത് താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് വിശദീകരണം
അഖാഡകളുടെ സാമ്പത്തിക ഇടപാടുകൾക്ക് കൃത്യമായ ഓഡിറ്റിങ് സംവിധാനമുണ്ടെന്ന് സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രാദേശിക തലത്തിലും കാശിയിലെ അഖാഡ തലത്തിലും ആദായനികുതി വകുപ്പും പരിശോധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വ്യക്തമായ തെളിവുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂതിരി കോവിലകത്തിന്റെ ഭാഗമായ കോട്ടയ്ക്കൽ കോവിലകത്തിന്റെ അഭ്യർഥന പ്രകാരമാണ് ജൂന അഖാഡ കഴിഞ്ഞ വർഷം മുതൽ മഹാമാഘത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയ്ക്കൽ കോവിലകത്തിന്റെ പ്രതിനിധി ദിലീപ് രാജയ്ക്കൊപ്പമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
കഴിഞ്ഞ വർഷം ചെറിയ രീതിയിൽ നടത്താൻ തീരുമാനിച്ച മഹാമാഘം അപ്രതീക്ഷിതമായി വലിയ ആഘോഷമായി മാറിയതോടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായി. ഇതുമൂലം ചില സാമ്പത്തിക ബാധ്യതകൾ ഉണ്ടായെന്നും അവ തീർക്കാൻ സഹായിക്കാമെന്ന് ചിലർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബാധ്യതകളും തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.
സർക്കാർ സംവിധാനങ്ങൾ ഏറ്റെടുക്കണം
കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി ഉണ്ടായ ചെലവുകൾ വായ്പയെടുത്തും സ്പോൺസർഷിപ്പിലൂടെയുമാണ് കൈകാര്യം ചെയ്തതെന്ന് സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. രാജ്യത്തെ മറ്റ് കുംഭമേളകൾ സർക്കാരുകളുടെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. ഇതേ മാതൃകയിൽ തിരുനാവായ മഹാമാഘവും സർക്കാർ സംവിധാനങ്ങൾ ഏറ്റെടുത്ത് നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാമാഘത്തിന്റെ സുഗമമായ നടത്തിപ്പിനായി സർക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.