breaking-news Kerala Politics

പെരിയ ഇരട്ടക്കൊല കേസിൽ വിധി പറഞ്ഞു; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷ

കൊച്ചി:കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ ശിക്ഷ വിധിച്ചു. 10 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.  ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. അതേസമയം വിധിയിൽ തൃപ്തരാണെന്ന് കൃപേഷിന്റെ അച്ഛൻ പറഞ്ഞു.

അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസിൽ ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിരുന്നു. ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി.

കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.

2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക കേസില്‍ 24 പ്രതികളും 270 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് അന്വേഷിച്ച കേസില്‍ 2023 ഫെബ്രുവരി രണ്ട് മുതല്‍ കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നു. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video