ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാരനെന്ന നിലയിലുള്ള കരിയറിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി. 2027 സീസണിന് മുന്നോടിയായി ധോണിയെ ടീമിന്റെ മെന്ററായി നിയമിച്ചതായി ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചു. ഇതോടെ ഐപിഎല്ലിൽ താരമെന്ന നിലയിൽ 18 വർഷത്തിലേറെ നീണ്ട ധോണിയുടെ യാത്രയ്ക്ക് അവസാനമാകുകയാണ്.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് 45കാരനായ ധോണി. ടീമിന് അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയായ ധോണി 272 മത്സരങ്ങളിൽനിന്ന് 5,314 റൺസും നേടിയിട്ടുണ്ട്. ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ ഐപിഎൽ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ശക്തമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മെന്റർ പദവിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. എന്നാൽ കളിക്കളത്തിൽനിന്നുള്ള വിരമിക്കലിനെക്കുറിച്ച് ധോണിയുടെ പ്രതികരണം പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ധോണിയുമായുള്ള ടീമിന്റെ ദീർഘകാല ബന്ധം എടുത്തുപറഞ്ഞ് ടീം ഉടമ എൻ. ശ്രീനിവാസനും രംഗത്തെത്തി. എം.എസ്. ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിംഗ്സിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും ഏകദേശം രണ്ട് പതിറ്റാണ്ടായി വിജയങ്ങളിലും തിരിച്ചടികളിലും എല്ലാ സാഹചര്യങ്ങളിലും ഒരുമിച്ചാണ് ടീം മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു.
ധോണിയുടെ നായകത്വത്തിൽ 2010, 2011, 2018, 2021, 2023 വർഷങ്ങളിലാണ് ചെന്നൈ ഐപിഎൽ കിരീടങ്ങൾ നേടിയത്. 2010, 2014 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സ്വന്തമാക്കി. 2022ൽ ചെന്നൈയുടെ ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി 2025ൽ താൽക്കാലിക നായകന്റെ ചുമതലയും ഏറ്റെടുത്തിരുന്നു. സഹീർ ഖാനാണ് ചെന്നൈയുടെ പുതിയ പരിശീലകൻ.