;

മാനവീയം വീഥി വിവാദം: കലാകാരന്മാർക്ക് വിലക്കില്ലെന്ന് മേയർ വി.വി. രാജേഷ്; അപേക്ഷ നിരസിച്ചത് വ്യക്തമായ കാരണങ്ങളാൽ

മാനവീയം വീഥി വിവാദം: കലാകാരന്മാർക്ക് വിലക്കില്ലെന്ന് മേയർ വി.വി. രാജേഷ്; അപേക്ഷ നിരസിച്ചത് വ്യക്തമായ കാരണങ്ങളാൽ

തിരുവനന്തപുരം: മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്. കലാകാരന്മാരുടെ പരിപാടികൾക്ക് അനുമതി നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മേയർ വ്യക്തമാക്കി. നവംബർ 14ന് മാനവീയം വീഥിയിൽ പരിപാടി അവതരിപ്പിക്കാൻ ഒരു കലാകാരനും അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷ സമിതിയെന്ന പേരിൽ നവംബർ 14ന് കോർപ്പറേഷന് ഓൺലൈനായി അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ ഇത്തരമൊരു സമിതി രൂപീകരിച്ചതിനോ അതിന് കൗൺസിൽ അംഗീകാരം നൽകിയതിനോ രേഖകളില്ലെന്ന് മേയർ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കോർപ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷ സമിതിയിൽ സർക്കാർ, കോർപ്പറേഷൻ പ്രതിനിധികളാരും ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ 11 മാസമായി മേയർ സ്ഥാനത്തിരിക്കുന്ന തനിക്ക് ഇത്തരമൊരു സമിതി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തമായ രേഖകളില്ലാത്ത കൂട്ടായ്മയെ അംഗീകരിക്കാനാകില്ലെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നിരസിച്ചതെന്നും മേയർ പറഞ്ഞു. പാട്ടുപാടുന്നതിനും മറ്റ് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും നിശ്ചിത ഫീസ് ഈടാക്കി അനുമതി നൽകുന്നതാണ് നിലവിലെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാകാരന്മാരെ പരിപാടികൾ അവതരിപ്പിക്കുന്നതിൽനിന്ന് തടയുന്നുവെന്ന പ്രചാരണം നടത്തി യഥാർഥ വിഷയം മറച്ചുവയ്ക്കാനാണ് ചിലരുടെ ശ്രമമെന്നും മേയർ ആരോപിച്ചു. പാളയം മാർക്കറ്റിന് സമാനമായി മാനവീയം വീഥിയും ചിലർ സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നത്. ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും മേയർ അഡ്വ. വി.വി. രാജേഷ് വ്യക്തമാക്കി.

;