;

മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് ഇഡി

മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ സ്വകാര്യ വസതിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.

ഇഡി സംഘം വീട്ടിലെത്തുമ്പോൾ പിണറായി വിജയനും ഭാര്യയും മകളും അവിടെയുണ്ടായിരുന്നില്ല. പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണെന്നാണ് വിവരം. സമൻസ് തപാൽ മാർഗം ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി വീടിന്റെ ചുമരിൽ സമൻസ് പതിപ്പിക്കുകയായിരുന്നു.

സംഭവം അറിഞ്ഞതിനു പിന്നാലെ മുതിർന്ന സിപിഎം നേതാക്കളും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി അടക്കമുള്ളവർ പിണറായി വിജയന്റെ വസതിയിലെത്തിയതായാണ് റിപ്പോർട്ട്.

അതേസമയം, സമൻസ് ലഭിച്ചെങ്കിലും വെള്ളിയാഴ്ച പിണറായി വിജയൻ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ലെന്നാണ് സൂചന. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചേക്കുമെന്നാണ് വിവരം.

സുപ്രീംകോടതിയിൽനിന്ന് സ്റ്റേ ലഭിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് നീക്കമെന്നാണ് സൂചന. നിലവിൽ പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഇഡി കൂടുതൽ ശ്രദ്ധ നൽകുന്നത്.

;