കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണഘടന ലംഘിച്ച് മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ നടി അൻസിബ ഹസനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സംഘടന ഒരുങ്ങുന്നു. ഇന്ന് നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഈ വിഷയം പ്രധാന അജണ്ടയായി ചർച്ച ചെയ്യും.സംഘടന നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നിശ്ചിത സമയപരിധിക്കുള്ളിൽ അൻസിബ തൃപ്തികരമായ വിശദീകരണം നൽകിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംഘടനയ്ക്കുള്ളിൽ പരിഹരിക്കേണ്ട ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ച് വഷളാക്കിയെന്നാണ് അൻസിബയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. ഭരണഘടനാ വിരുദ്ധമായി പ്രതികരിച്ചതിന് അൻസിബയ്ക്കും ലക്ഷ്മിപ്രിയയ്ക്കുമടക്കം സംഘടന നോട്ടീസ് അയച്ചിരുന്നു. എന്നാൽ മറ്റ് അംഗങ്ങൾ വിശദീകരണം നൽകിയപ്പോൾ അൻസിബ മറുപടി നൽകാൻ തയ്യാറായില്ല.ഈ സാഹചര്യത്തിൽ അൻസിബയ്‌ക്കെതിരെയുള്ള നടപടി ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിൽ വോട്ടിനിട്ട് തീരുമാനിക്കും. തുടർന്ന് വരാനിരിക്കുന്ന ഞായറാഴ്ചത്തെ ജനറൽ ബോഡി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്യുകയും, അവിടെ വെച്ച് അന്തിമ അച്ചടക്ക നടപടി കൈക്കൊള്ളുകയും ചെയ്യും.