തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വി.ഡി സതീശൻ സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിന്റെ വിശദാംശങ്ങൾ അറിയാം
സർക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയുടെയും ഉൾപ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്‌കരണവും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാൽ ഇതിലും കൂടുതൽ ബാധ്യത ഏറ്റെടുക്കേണ്ടി വരും.
കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.
ധന പ്രതിസന്ധിയ്ക്കിടയിലും ഇന്ദിര ഗ്യാരണ്ടിയിലെ രണ്ട് ഗ്യാരണ്ടികൾ നടപ്പിലാക്കി. ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്‌കീം വർക്കർമാരുടെ വേതനവും വർധിപ്പിച്ചു.
ഡിമോഗ്രാഫിക് ഡിവിഡന്റ് (Demographic Dividend) ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ യുവജനങ്ങൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനും വയോജനങ്ങൾക്ക് കൈത്താങ്ങാകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
സാമ്പത്തിക പരാധീനത പരിഹരിക്കാൻ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിച്ച്, വിവിധ മേഖലകളിൽ വൻകിട നിക്ഷേപം ആകർഷിച്ച്, ഖജനാവിൽ പണം സമാഹരിച്ചുകൊണ്ട് ആ സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണം (Equitable Distribution) ഉറപ്പാക്കുന്നതാണ് ഈ ബജറ്റ്. ഇതിനായി നിരവധി സ്വപ്‌ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
മിഷൻ സമുദ്ര
കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തിൽ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് ‘മിഷൻ സമുദ്ര’. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് നമ്മൾ മാറ്റും. ഇതേത്തുടർന്നുള്ള തൊഴിലവസരങ്ങളിൽ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.
സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടൽമേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന ‘സതേൺ കേരളാ ഇക്കണോമിക് കോറിഡോർ’ സൃഷ്ടിക്കും.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിക്കും.
നിക്ഷേപകർക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികൾ (റെഗുലേറ്ററി & സ്റ്റാറ്റിയൂട്ടറി) നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഒരു ഏകജാലക സംവിധാനമായി ഇൻവെസ്റ്റ് കേരളം സെൽ രൂപീകരിക്കും.
പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങൾ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപം നൽകും. ഇവർക്ക് റിവോൾവിംഗ് ഫണ്ട്, വിദഗ്ധ മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്നതിനായി ടെക്‌നോ-മെന്റർ / മാനേജ്-മെന്റർ മാരുടെ സഹായം ഉറപ്പാക്കും.
ഗുരുതര രോഗം ബാധിച്ചവർക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും തുടർ വിദ്യാഭ്യാസത്തിന് പണമില്ലാത്തവർക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി ‘വൺ കേരള കരുതൽ മിഷൻ’ സ്ഥാപിക്കും.
മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാൻ ”ഗ്ലോബൽ ജോബ് വാച്ച് ടവർ” ആരംഭിക്കും.
ബഹിരാകാശ മേഖലയിയിൽ തൊഴിലവസരം സൃഷ്ടിക്കാൻ സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉൾപ്പെടെ ആകർഷിക്കാനും ‘കേരള നോളജ് വാലി (Kerala Knowledge Valley)’ സ്ഥാപിക്കും.
ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങൾ, വികസനാഭിലാഷങ്ങൾ എന്നിവയ്ക്കു വേണ്ടി ”വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും”ആരംഭിക്കും.
ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരള ഹെൽത്ത് ആന്റ് ലൈഫ് സയൻസ് സിറ്റി സ്ഥാപിച്ച് കേരളത്തെ പ്രമുഖ മെഡിക്കൽ ഡെസ്റ്റിനേഷനാക്കി മാറ്റും.
കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ച് സംവിധാനങ്ങളും നൂതന ആശയങ്ങളും IIT മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ വിപുലീകരിക്കും.
വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾപ്പെടുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കും.
അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും.
ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ലാൻഡ് മാനേജ്‌മെന്റ് നയം സർക്കാർ രൂപീകരിക്കും. മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഭൂനിയമങ്ങൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും.
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ വലിയ തോതിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയാക്കി മാറ്റുന്നതിലൂടെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി കേരളത്തെ മാറ്റും.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, സമർപ്പിതവും ആസൂത്രിതവുമായ ഒരു സാമ്പത്തിക മേഖല, അനുമതികൾക്കുള്ള സുഗമമായ നടപടിക്രമങ്ങൾ, പദ്ധതി വേഗവും വിജയവും നിക്ഷേപകർക്ക് ഉറപ്പ് നൽകുന്ന സ്‌പെഷൽ ഇൻവെസ്റ്റ്‌മെന്റ് സോൺ (Special Investment Zone) നടപ്പാക്കും.
ലോക നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം മലബാറിൽ നിർമ്മിക്കും
സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ആയുർവേദ കൂട്ടുകൾ, കശുവണ്ടി, കയർ എന്നിവയുടെ ബ്രാൻഡിംഗും ഉറപ്പാക്കാൻ ‘ബ്രാൻഡ് കേരളം’ ആരംഭിക്കും.
മത്സ്യത്തൊഴിലാളികൾക്കുള്ള പദ്ധതികളുടെ നിർവ്വഹണത്തിന് ഫിഷറീസ് സബ് പ്ലാൻ ആവിഷ്‌കരിക്കും. മണ്ണെണ്ണ സംബ്‌സിഡി 75 രൂപയായായി ഉയർത്തും. അപകട ഇൻഷുറൻസ് തുക പരിഷ്‌കരിക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് ഷീ സ്‌കൂട്ടറുകളും അനുവദിക്കും.
വിവിധ പ്രദേശങ്ങളെ പരിസ്ഥിതി സൗഹൃദവുമായ ആഗോള മത്സരക്ഷമതയുള്ള നഗരങ്ങളാക്കി മാറ്റുന്നതിന് കേരള അർബൻ ഗ്രോത്ത് മിഷൻ (Kerala Urban Growth Mission)രൂപീകരിക്കും.
ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി – ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകും.
തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ഒരു കൾച്ചറൽ പാർക്ക് സ്ഥാപിക്കും.
ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി
സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കും.
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.
കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും.
പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്‌പേഷ്യൽ ഇന്റലിജൻസ്, റിസ്‌ക് അനലിറ്റിക്‌സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവ സമന്വയിപ്പിക്കാൻ ‘കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ’ സ്ഥാപിക്കും.
റെമിറ്റൻസ് ഇക്കോണമി എന്ന നിലയിൽ നിന്ന് ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഉറപ്പാക്കാൻ പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.
സ്വർണ്ണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കുന്നതിന് സർക്കാർ പിന്തുണ നൽകും. പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കും.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.
സൃഷ്ടിപരമായ കഴിവുകളും സാങ്കേതിക മികവുകളും ഒരുമിപ്പിച്ച് ഭാവിയിലെ സമ്പദ്വ്യവസ്ഥയുടെയും വ്യവസായങ്ങളുടെയും പ്രധാന ചാലക ശക്തിയായി ജെൻ -Z ആന്റ് ന്യൂ ജെൻ തലമുറയെ മാറ്റാനുള്ള പദ്ധതികൾ രൂപീകരിക്കും.
2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 35,750 കോടി രൂപയിൽ നിന്നും 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പട്ടികജാതി-പട്ടികവർഗ്ഗ മേഖലയ്ക്ക് ഉണ്ടായ കുറവ് പരിഹരിക്കാൻ പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവർഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയ്ക്കും 50 കോടി രൂപ അധികമായി വകയിരുത്തി.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി.
റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർദ്ധിപ്പിക്കും.
വനിതകൾക്കായി ‘കൃഷി സഖി – വനിതാ കർഷക വികസന പരിപാടി’ നടപ്പാക്കും.
മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തും.
എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും.
മുതലപ്പൊഴി ഹാർബറിന്റെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായുള്ള ബജറ്റ് വിഹിതം ഉയർത്തും.
2050-ഓടു കൂടി കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും.
മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും. മേഖലയിൽ പട്ടയവിതരണത്തിന് തടസ്സമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും സമയബന്ധിതമായി പരിഹരിക്കും.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യംഘട്ടം എന്ന നിലയ്ക്ക് സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയർത്തും.
ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ഗ്രാമ സഭാംഗങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.
ഉരുൾപൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനർനിർമ്മിതിക്ക് ‘വിലങ്ങാട് പാക്കേജ്’ പ്രഖ്യാപിക്കുന്നു.
വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പാക്കേജുകൾ ഊർജ്ജിതമായി നടപ്പാക്കാൻ നടപടി കൈക്കൊള്ളും.
എൻഡോസൾഫാൻ ദുരിത ബാധിതരായ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുവാൻ നടപടി സ്വീകരിക്കും.
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തുക യഥാസമയം മടക്കി നൽകാൻ കഴിയുന്ന തരത്തിൽ നിക്ഷേപ ഗ്യാരന്റി സ്‌കീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പിലാക്കും.
സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള കശുവണ്ടി, കയർ, കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങൾക്ക് വേതന സഹായം(Income support scheme) നൽകും. പൂട്ടി കിടക്കുന്ന ഫാക്ടറികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി നടപടികൾ സ്വീകരിക്കും.
കാൽനട യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന റോഡ് സംസ്‌കാരം വളർത്തുന്നതിന് സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.
തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരും.
അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും.
ഇ-ഗ്രാന്റ് കുടിശ്ശിക തീർപ്പാക്കുന്നതിനും സമയബന്ധിതമായി നൽകുന്നതിനുമുള്ള നടപടി കൈക്കൊള്ളും.
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെംബർ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്.
നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ മുൻകൂട്ടി മനസിലാക്കി ഉപയോഗപ്പെടുത്താൻ Future Readiness Think Tank രൂപീകരിക്കും.
വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്നു പഠിക്കാൻ അവസരം ഒരുക്കുന്ന ”സെമസ്റ്റർ ഇൻ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.
കേരളത്തിലെ ക്യാമ്പസുകളിൽ ‘Student diverstiy, Student mobility എന്നിവയ്ക്ക്
പരിഗണന നൽകും.
റാഗിങ് തടയാൻ ‘Sidharthan Student Distress App’, റാഗിംഗ് തടയാനും വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും ‘Sidharthan Anti Ragging & Student Welfare Act’ നടപ്പാക്കും.
ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും നടപ്പിലാക്കും.
അക്കാദമിക് വിഷയങ്ങൾ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കും.
2036 – ലെ ഒളിംപിക്‌സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായികതാരങ്ങളെ വാർത്തെടുക്കാൻ വിഷൻ 2036 നടപ്പിലാക്കും.
ചികിത്സാ ചെലവ് (Out of Pocket Expenditure) കുറച്ച് കൊണ്ടു വരാൻ സർക്കാർ ഇടപെടും.
കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് ഒരു പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീർത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തും.
ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയിൽ കോസ്റ്റൽ കെയർ യൂണിറ്റുക ളും സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.
എസ്.എം.എ. (Spinal Muscular Atrophy) അടക്കമുള്ള അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.
ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകും.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നും, പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരും.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പുതിയ ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കും.
പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് സർക്കാർ ജോലിയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തും.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതിതരംഗം, സ്‌നേഹപൂർവ്വം, സ്‌നേഹസ്പർശം, താലോലം, ക്യാൻസർ സുരക്ഷ, സ്‌നേഹ സാന്ത്വനം, പകൽവീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമാക്കും.
ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിൻ നൽകാനും, ബ്രിട്ടിൽ (Brittle) ഡയബറ്റിക്കായ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് നൽകുവാനും, കൂടുതൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസർ (Continuous Glucose Monitoring Sensor) നൽകുവാനും നടപടി സ്വീകരിക്കും.
‘പുതുതലമുറ ലഹരി വസ്തുക്കൾ’ ഉൾപ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാക്കും. ഓപ്പറേഷൻ തൂഫാൻ വ്യാപിപ്പിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട് സ്വീകരിക്കും.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ‘മകൾക്കൊപ്പം’ എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കും.
ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം സ്ഥാപിക്കും.
നടൻ സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിർമ്മിക്കും.
ഗസൽ ഗായകനായിരുന്ന ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കും.
ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കും.
മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിർമ്മിക്കും
ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ സ്മാരകം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഉള്ളൂർ സ്മാരക ലൈബ്രറി ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പ്രത്യേക സാമ്പത്തിക സഹായം
കെ.യു.ഡബ്ല്യു.ജെ നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും. നോൺ ജേണലിസ്റ്റ് പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
അതിരപ്പള്ളിയിലെ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.
സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ എന്നിവ മുടക്കം കൂടാതെ നൽകും. മെഡി സെപ് പരിഷ്‌ക്കരിക്കും.
അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോച്ച് എൻ.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കും.