;

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; കരാർ ക്രമക്കേട് ആരോപണത്തിൽ നടപടി

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; കരാർ ക്രമക്കേട് ആരോപണത്തിൽ നടപടി

തിരുവനന്തപുരം: സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാറുകൾ നൽകിയെന്ന ആരോപണത്തിലാണ് അന്വേഷണം. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നും ആരോപണമുണ്ട്.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉയർന്ന ആരോപണങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷണം നടത്തും. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ദിവ്യയെ പരിഗണിച്ചിരുന്നില്ല. ഇതിനു പിന്നാലെ ദിവ്യ സിപിഎമ്മുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

കഴിഞ്ഞ ദിവസം പാർട്ടിയുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന തരത്തിൽ ദിവ്യ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

“നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്” എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ.

കുറിപ്പിനു പിന്നാലെ ദിവ്യ പാർട്ടി മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

;