;

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി; 19 സീറ്റിൽ യു.ഡി.എഫ്, 18 സീറ്റിൽ എൽ.ഡി.എഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി; 19 സീറ്റിൽ യു.ഡി.എഫ്, 18 സീറ്റിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 38 വാർഡുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. നിലവിലെ ഫലസൂചനകൾ പ്രകാരം യു.ഡി.എഫ് 19 സീറ്റിലും എൽ.ഡി.എഫ് 18 സീറ്റിലും എൻ.ഡി.എ ഒരു സീറ്റിലും വിജയിച്ചു.

മുട്ടം പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽ.ഡി.എഫിന്റെ സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട റാന്നി ബ്ലോക്ക്പടി വാർഡിലും യു.ഡി.എഫ് വിജയിച്ചു. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ 18 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു.

ചാലക്കുടി മുനിസിപ്പാലിറ്റിയിലെ വാർഡിലും കോൺഗ്രസ് വിജയിച്ചു. മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡ് യു.ഡി.എഫ് നിലനിർത്തി. പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിലും യു.ഡി.എഫ് വിജയിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചിറ്റൂർ പരുത്തിക്കാവ് വാർഡിലും ശക്തമായ മത്സരമാണ്. പാമ്പാടിയിലെ കുമ്പന്താനം വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ യു.ഡി.എഫ് വിജയിച്ചു.

പൂത്തൃക്ക പഞ്ചായത്തിൽ ട്വന്റി20 വിജയിച്ചു. ചേലക്കര കുറുമല വാർഡിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടി.

കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചു. അതേസമയം തിരുവനന്തപുരം ചിറയിൻകീഴ് അഞ്ചുതെങ്ങ് ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തു. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ രണ്ട് സീറ്റുകളിൽ യു.ഡി.എഫിന് തിരിച്ചടി നേരിട്ടു.

;