കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം’; ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം’; ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരത്തിന്റെ നിലപാടിനോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്നും ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ പുരോഗമന കേരള സമൂഹത്തിന് ചേർന്നതല്ലെന്നും സതീശൻ പറഞ്ഞു.

കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾ പൊതുരംഗത്ത് എത്തുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള വാദം ചരിത്ര യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമായ കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്നും സതീശൻ പറഞ്ഞു. പ്രവാചകന്റെ ആദ്യപത്നി ഖദീജ ബീവി വ്യാപാരിയായിരുന്നുവെന്നും മറ്റൊരു പത്നിയായ ആയിഷ ബീവി യുദ്ധരംഗത്ത് പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ചരിത്ര പശ്ചാത്തലങ്ങൾ മറച്ചുവെച്ച് സ്ത്രീകൾ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ മാത്രം കഴിയണമെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. സ്ത്രീകൾക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കേണ്ട സമൂഹത്തിൽ അവരെ പൊതുജീവിതത്തിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമം അപലപനീയമാണ്. കാന്തപുരത്തിന്റെ നിലപാട് ഒരു തരത്തിലും സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.