;

കുട്ടികളെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ വാഹനങ്ങൾ വിൽക്കണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

കുട്ടികളെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ വാഹനങ്ങൾ വിൽക്കണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടി; സ്വകാര്യ ബസുകളുടെ സമയക്രമവും പുനഃപരിശോധിക്കും

തൃശൂർ: കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കണമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്ന കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം. നിയമവിരുദ്ധമായി കുട്ടികൾക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ അവസരം നൽകുന്ന രക്ഷിതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. മത്സരയോട്ടത്തിന് സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും നിലവിലെ സമയക്രമമാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. രണ്ടര മിനിറ്റുകൊണ്ട് എറണാകുളത്ത് ബസുകൾക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടിയെത്താൻ കഴിയില്ല. നിലവിലെ സമയക്രമം പ്രായോഗികമാണോയെന്ന് പരിശോധിച്ച് പുനഃക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

;