;

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം; പങ്കെടുത്തവരെ ചോദ്യം ചെയ്യാൻ പൊലീസ്

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം; പങ്കെടുത്തവരെ ചോദ്യം ചെയ്യാൻ പൊലീസ്

റിസോർട്ടിന് നോട്ടീസ് നൽകും; മദ്യവും ലഹരിവസ്തുക്കളും എത്തിയതും ഉപയോഗിച്ചതും അന്വേഷിക്കും

കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

പാർട്ടി നടന്ന റിസോർട്ടിന് പൊലീസ് നോട്ടീസ് നൽകും. പരിപാടിയുടെ നടത്തിപ്പ്, അനുമതി, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും പരിശോധിക്കും. പാർട്ടിയിലേക്ക് മദ്യം എത്തിച്ചതും ലഹരിവസ്തുക്കളുടെ ഉപയോഗം നടന്നിട്ടുണ്ടോ എന്നതും അന്വേഷണപരിധിയിലുണ്ട്.

കൊച്ചിയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ ഇരുപതോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

15കാരിയുടെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം സ്വദേശി അലക്‌സിനെ (20) പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ നാലിനായിരുന്നു അറസ്റ്റ്. പ്രതി നിലവിൽ റിമാൻഡിലാണ്.

പാർട്ടിയിൽ പങ്കെടുത്തവരിൽനിന്ന് മൊഴിയെടുത്ത് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. റിസോർട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചേക്കും.

;